ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം (Alzheimer’s disease). നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. ഈ രോഗം ബാധിച്ചതായി നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്നീട് ശരാശരി ഏഴ് വര്‍ഷമേ രോഗി ജീവിച്ചിരിക്കുകയുള്ളൂ, രോഗനിര്‍ണ്ണയത്തിനുശേഷം മൂന്ന് ശതമാനത്തില്‍ത്താഴെ രോഗികള്‍ മാത്രമാണ് 14 വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നത്. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിന്റെയോ കാരണങ്ങള്‍ ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജനിതകമായതും പാരിസ്തിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു. തലച്ചോറില്‍ വരുന്ന ചില തകരാറുകള്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 21ന് ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നു.
അല്‍ഷിമേഴ്‌സ് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യനിലെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്ത ശേഷം തലച്ചോറില്‍ പ്രത്യേകതരം രോഗം ബാധിച്ച് മരിച്ചവരെക്കുറിച്ച് നടത്തിയ പഠത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രോഗനിര്‍ണയ, പരിചരണ പ്രക്രിയയിലൂടെയാണ് പകരാന്‍ സാധ്യത എന്നാണ് പഠനത്തില്‍ പറയുന്നത്.
ആദ്യമായാണ് അല്‍ഷിമേഴ്‌സ് പകര്‍ച്ച വ്യാധിയാണെന്ന് കണ്ടെത്തുന്നത്. രക്തം മാറ്റലും ദന്തപരിചരണവും അടക്കമുള്ളവ ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തുന്ന ചികിത്സ രീതികളാണ്. ഇത്തരം പ്രക്രിയകളിലൂടെ രോഗബാധിതമായ കോശങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാം.അതേസമയം പഠനവും തെളിവുകളും പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ വേണമെന്നുമാണ് ലണ്ടനിലെ ഗവേഷകര്‍ പറയുന്നത്.
സമീപകാല ഓര്‍മ്മകള്‍ നഷ്ടമാവുകയും ക്രമേണ ഓര്‍മ്മകള്‍ മുഴുവനായി ഇല്ലാതാക്കുകയും ചെയ്യുകയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗം. ചെറിയ ചെറിയ മറവികളില്‍ തുടങ്ങുന്ന അല്‍ഷിമേഴ്‌സ് പിന്നീട് സങ്കല്‍പശേഷി , കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി , ചിന്താശേഷി , തുടങ്ങിയവ പൂര്‍ണമായും ഇല്ലാതാക്കുന്നു. പഴയകാല ഓര്‍മ്മകളെക്കാള്‍ വര്‍ത്തമാനകാല സംഭവങ്ങളും പ്രവര്‍ത്തികളുമാണ് ഓര്‍മ്മയില്‍ നിന്ന് കൂടുതലായും അപ്രത്യക്ഷമാകുന്നത്. ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക , പറയുകയും ചിന്തിക്കുകയും ചെയ്ത കാര്യങ്ങള്‍ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ മറന്നു പോവുക, സംസാരിക്കുന്നതിനിടയില്‍ സന്ദര്‍ഭോചിതമായ വാക്കുകള്‍ കിട്ടാതിരിക്കുക, സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ സ്ഥാനം തെറ്റിച്ചു വെയ്ക്കുകയും പിന്നീട് വച്ച സ്ഥാനം മറക്കുകയും ചെയ്യുക, അക്കങ്ങളും അക്ഷരങ്ങളും തിരിച്ചറിയാതിരിക്കുക , പരിസരബോധം നഷ്ടമാവുക, അകാരണമായ ദുഖം, ദേഷ്യം, നിരാശ, അമിതമായ ഉത്കണ്ഠ, ഇടയ്ക്കിടയുണ്ടാകുന്ന ഭാവമാറ്റം, ഇവയൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ രോഗത്തിന്റെ അവസാനഘട്ടങ്ങളില്‍ രോഗിയുടെ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെടുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു.
അല്‍ഷിമേഴ്‌സ് സംശയിക്കപ്പെടുന്നവരില്‍ സ്‌കാനിങ്, ന്യൂറോസൈക്കോളജിക്കല്‍ ടെസ്റ്റിങ്, തുടങ്ങിയ രീതികളിലൂടെയാണ് സാധാരണയായി രോഗനിര്‍ണയം നടത്തുന്നത്.കണ്ണുപരി ശോധന വഴി അല്‍ഷൈമേഴ്‌സ് രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കാമെന്ന് പുതിയ ചില പഠന ങ്ങള്‍ പറയുന്നു. താരതമ്യേനെ സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് കൂടുതലായി കണ്ടുവരുന്നത്. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇന്ന് മറ്റു പല ജീവിതശൈലിരോഗങ്ങളുടെയുമൊപ്പം അല്‍ഷിമേഴ്‌സും കാണപ്പെടുന്നു. അല്‍ഷിമേഴ്‌സിനെ പൂര്‍ണമായി സുഖപ്പെടുത്താനുള്ള ചികിത്സകള്‍ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചെങ്കിലും ഇന്നും ലഭ്യമല്ല. ഇന്നത്തെ ചികിത്സകള്‍ രോഗത്തിന്റെ തീവ്രത ഒരു പരിധി വരെകുറയ്ക്കാന്‍ മാത്രമെ സഹായകമാകുന്നുള്ളൂ.
അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ മസ്തിഷ്‌കകോശങ്ങള്‍ തകരാറിലാവുകയോ നശിക്കുകയോ ചെയ്യുന്നു. മസ്തിഷ്‌ക കോശങ്ങളുടെയിടയില്‍ പ്ലാക്കുകള്‍ ഉണ്ടാകുന്നതോടെ കോശങ്ങള്‍ക്കിടയില്‍ ആശയസംവേദനം തടസപ്പെടുകയും തുടര്‍ന്ന് കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമര്‍ദ്ദം, എന്നിവയും പാരിസ്ഥിതിക ഘടകങ്ങള്‍ , ജനിതക പ്രത്യേകതകള്‍ , പ്രായം , പാരന്പര്യം, തുടങ്ങിയ ഘടകങ്ങളും അല്‍ഷിമേഴ്‌സിന് കാരണമാകുന്നു.
മസ്തിഷ്‌കത്തിന് വ്യായാമം നല്‍കുന്ന കളികളില്‍ ഏര്‍പ്പെടുക, പോഷകസന്പുഷ്ടവും ചിട്ടയോടും കൂടിയ ആഹാരരീതികള്‍, മദ്യപാനം, പുകവലി, തുടങ്ങിയവ ഒഴിവാക്കുക, സജീവമായ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങളിലൂടെ ഒരു പരിധി വരെ അല്‍ഷിമേഴ്‌സിനെ അകറ്റാം.
Discussion about this post