ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാൻ സന്ദർശിക്കാൻ പോയ 100 കശ്മീരി യുവാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവർ ഭീകര പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരിൽ രഹസ്യമായി തിരികെ വന്നവർ ഉണ്ടാകാമെന്നും അവർ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സ്ലീപ്പർ സെല്ലുകൾ ആയി പ്രവർത്തിക്കുന്നുണ്ടാകാമെന്നും സംശയിക്കപ്പെടുന്നു.
ഈ ചെറുപ്പക്കാർ പരിശീലനം നേടി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടാകാം. ഇവരെ കണ്ടെത്തി പിടികൂടുക എന്നത് വെല്ലുവിളിയാണെന്നും പൊലീസ് പറയുന്നു. നിയമപ്രകാരമുള്ള വിസ ഉപയോഗിച്ചാകാം ഇവർ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടാകുക. പക്ഷെ ഇവരെക്കുറിച്ച് പിന്നീട് ആർക്കും യാതൊരു വിവരവുമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ പാകിസ്ഥാനിൽ പോയി മടങ്ങിയവരെക്കുറിച്ച് ഏറെക്കുറെ വിവരമുണ്ട്. ഇവരെ കണ്ടെത്തി അന്വേഷിച്ചിരുന്നു. ഇവർ ഏറെക്കാലം പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അതിർത്തിയിൽ നിന്നും പിടിയിലായ ഭീകരവാദികളിൽ ദക്ഷിണ കശ്മീരിലെ ഷോപിയാൻ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ പെട്ടവർ ഉണ്ടായിരുന്നു. ഇവരെല്ലാം വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ പോയിട്ട് പിന്നീട് മടങ്ങി വരാത്തവരായിരുന്നു എന്നതാണ് ഏറെ ദുരൂഹമെന്നും പൊലീസ് അറിയിക്കുന്നു.
Discussion about this post