ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ അറസ്റ്റിലായ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന അതിക്രമങ്ങളിൽ സിദ്ധുവിന് നേരിട്ട് പങ്കുള്ളതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഡൽഹി പൊലീസ് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം രാത്രി 10.40ന് കർണാൽ ബൈപ്പാസിൽ നിന്നാണ് സിദ്ധുവിനെ പിടികൂടിയത്. അക്രമങ്ങളിലെ സിദ്ധുവിന്റെ പങ്ക് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
ദീപ് സിദ്ധുവിനും അധോലോക നേതാവ് ലാക്ക സദാനക്കുമെതിരെ ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം ദീപ് സിദ്ധുവിന്റെ മൊഴികൾ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ ശക്തമായ ദിശാസൂചിയാകുമെന്നാണ് കരുതപ്പെടുന്നത്. അക്രമങ്ങൾക്ക് ഗൂഢാലോചന നടത്തിയവരെക്കുറിച്ച് സിദ്ധുവിന് അറിയാമെന്നാണ് ഡൽഹി പൊലിസ് കരുതുന്നത്. അക്രമങ്ങൾക്ക് ശേഷം തന്നെ തള്ളിപ്പറഞ്ഞ സമരസമിതി നേതാക്കളുടെ യഥാർത്ഥ മുഖം താൻ വെളിപ്പെടുത്തുമെന്ന് ദീപ് സിദ്ധു ഒളിവിലിരിക്കവെ ഭീഷണി മുഴക്കിയിരുന്നു.
Discussion about this post