കോട്ടയം: പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം. നിലവിലെ എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളൂ എന്ന് പിണറായി എൻസിപി നേതൃത്വത്തെ അറിയിച്ചു.
പിണറായി വിജയൻ എതിർ നിലപാട് സ്വീകരിച്ചതോടെ എൻസിപി ഇടത് മുന്നണി വിടാനൊരുങ്ങുന്നതായാണ് സൂചന. ഇതോടെ മാണി സി കാപ്പനും, ടിപി പീതാംബരനും ഡൽഹിക്ക് പോകാൻ തീരുമാനിച്ചു. ഡൽഹിയിൽ ഇവർ ശരദ് പവാറിനെ കാണും.
പ്രഫുൽ പട്ടേലിനെ ഫോണിൽ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി നിലപാടറിയിച്ചത് എൻസിപി സംസ്ഥാന നേതൃത്വത്തിനും മാണി സി കാപ്പനും കടുത്ത അപമാനമായതായാണ് സൂചന. ജോസ് കെ മാണിയെ പാലായിൽ മത്സരിപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനമെന്ന് ഇതോടെ വ്യക്തമായി. ഇതിനോട് മാണി സി കാപ്പൻ ഒരു തരത്തിലും യോജിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.












