കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ 2014ൽ നടന്ന സ്ഫോടനക്കേസിൽ കൊൽക്കത്തയിലെ എൻ ഐ എ കോടതി ശിക്ഷ പ്രഖ്യാപിച്ചു. കേസിലെ മുഖ്യ പ്രതികളിലൊരാളും ബംഗ്ലാദേശി പൗരനുമായ കൗസറിനെ ഇരുപത്തിയൊൻപത് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇയാൾ നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉൽ മുജഹിദ്ദീൻ ബംഗ്ലാദേശിന്റെ ഇന്ത്യൻ വിഭാഗം തലവനാണ്.
ഇന്ത്യൻ ശിക്ഷാ നിയമം 120ബി, 125 എന്നിവ പ്രകാരമാണ് കൗസറിനെ ശിക്ഷിച്ചത്. മുപ്പത്തയ്യായിരം രൂപ പിഴയും കോടതി ഇയാൾക്ക് വിധിച്ചു. 31 വയസ്സുകാരനായ കൗസർ ബംഗ്ലാദേശിലെ ജമാൽപ്പൂർ സ്വദേശിയാണ്. 2018ലെ ബിഹാർ സ്ഫോടനക്കേസിലും ഇയാൾ പ്രതിയാണ്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനാധിപത്യ സർക്കാരുകൾക്കെതിരെ ആയുധമെടുത്ത് പോരാടാൻ ജെ എം ബി യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളിൽ നിന്നും വൻ തോതിൽ സ്ഫോടക വസ്തുക്കൾ, പരിശീലന വീഡിയോകൾ എന്നിവ പിടികൂടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എൻ ഐ എ 33 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 31 പേരെയും പിടികൂടിയിരുന്നു. ഇതിൽ മുപ്പത് പേരെയും കോടതി വിചാരണ നടത്തി ശിക്ഷിച്ചിരുന്നു. മുപ്പത്തിയൊന്നാമനാണ് കൗസർ.
2014ലെ ഗാന്ധി ജയന്തി ദിനത്തിൽ പകൽ പന്ത്രണ്ടേ കാലിന് പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിലെ തിരക്കേറിയ ഖാഗ്രാഗഢ് പ്രദേശത്തെ ഒരു വാടക വീടിന്റെ രണ്ടാം നിലയിൽ ശക്തിയേറിയ ഐ ഇ ഡി പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് നിർമ്മിക്കുന്നതിനിടെ ഭീകരരുടെ കൈയ്യിലിരുന്ന സ്ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.










