ഡൽഹി: അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കടന്നുകയറ്റ ശ്രമം ഉപേക്ഷിച്ച് പിന്മാറാൻ ചൈന തയ്യാറായതോടെ മേഖലയിൽ നിന്നും സേനാവിന്യാസം സാധാരണ നിലയിലാക്കി ഇന്ത്യ.
കിഴക്കൻ ലഡക്ക് അതിർത്തിയിൽ നിന്നും സേനയെ പിൻവലിക്കാൻ ചൈന തീരുമാനിച്ചു. പിന്നാലെ ഇന്ത്യയും സേനയെ പിൻവലിച്ചു. ഇതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നു.
https://twitter.com/sidhant/status/1359822687275610115?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1359822687275610115%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Findian-and-chinese-tanks-disengaging-in-ladakh-qodjzf
പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് സേനകൾ പിന്മാറിയത്. ഇതോടെ മാസങ്ങള്‍ നീണ്ട സംഘർഷത്തിനാണ് അന്ത്യമാകുന്നത്. തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസം രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. മേഖലയില്‍ നിന്നും സൈന്യത്തെ പിൻവലിക്കുന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. ഫിംഗര്‍ ഫോറില്‍ നിന്ന് ഫിംഗര്‍ എട്ടിലേക്കാണ് ചൈനീസ് സൈന്യം പിന്മാറിയത്. ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിംഗ് ഥാപ്പ പോസ്റ്റില്‍ തുടരും.
ഫിംഗര്‍ നാലിന് അപ്പുറത്തേക്ക് കടക്കാൻ ചൈന ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ധാരണ അംഗീകരിച്ചതോടെ ഫിംഗര്‍ മൂന്ന്, എട്ട് എന്നിവക്കിടയില്‍ പട്രോളിംഗ് നടത്തില്ലെന്ന് ചൈന സമ്മതിച്ചു. തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞതിന് ശേഷം അടുത്ത ഘട്ടം ചർച്ചകൾ തുടരും.
സേനകളെ പിൻവലിച്ചെങ്കിലും അതിർത്തിയിൽ കർശന നിരീക്ഷണം തുടരുമെന്ന് കരസേന മേധാവി എം എം നരവാനെ അറിയിച്ചു. വെല്ലുവിളികള്‍ നേരിടാന്‍ സൈന്യം തയ്യാറെടുപ്പ് തുടരുകയാണെന്നും കടന്നുകയറ്റ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു അതിർത്തിയിലെ ഗാൽവനിൽ സംഘർഷമുണ്ടായത്. അന്ന് കടന്നുകയറാൻ ശ്രമിച്ച 45 ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. ഇരുപത് ഇന്ത്യൻ സൈനികരും വീരമൃത്യു വരിച്ചിരുന്നു.










