തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവന നൽകി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഒന്നര ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പത്തനംതിട്ട ശ്രീശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം മഠാധിപതി ദേവിജ്ഞാനാഭനിഷ്ഠയുടെ കൈകളിലാണ് ഗവർണ്ണർ സംഭാവന സമർപ്പിച്ചത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം കേവലം മതപരമായ കാര്യമല്ലെന്നും രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിന് ജാതിഭേദെമന്യേ രാജ്യത്തെ എല്ലാവരും പങ്കാളികളാകണമെന്നും ഗവർണ്ണർ പറഞ്ഞു. ഇത് കേവലം ഒരു ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അവസരം മാത്രമല്ലെന്നും ഇന്ത്യയിലെ 137 കോടി ജനതയേയും ഒന്നിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലൂടെ രാജ്യത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതെയാക്കി സാമുദായിക സമത്വം കൈവരിക്കാൻ സാധിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി. രാമക്ഷേത്രം ഭാരതത്തിന്റെ ഐക്യത്തിന്റെയും യശ്ശസിന്റെയും പ്രതീകമാണെന്നും അതിലൂടെ ഭാരതീയ സംസ്കാരത്തിന്റെ അതുല്യ മാതൃക ലോകത്തിന് മുന്നിൽ സമർപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post