ചടയമംഗലം: ജടായുപ്പാറയുടെ ഉത്തംഗ ശൃംഗത്തില്‍ പണിതുയര്‍ത്തിയ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സുവര്‍ണ്ണ താഴികക്കുടം സ്ഥാപിച്ചപ്പോള്‍ ശ്രീകൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ടു പറന്നത് കൗതുക കാഴ്ചയായി. ഞവരയും നവ ധാന്യങ്ങളും നിറച്ച സ്വര്‍ണ്ണ താഴികക്കുടത്തിന്റെ അടിത്തട്ട് കുംഭകോണത്തു നിന്നെത്തിയ സ്തപതിമാര് സ്ഥാപിച്ചപ്പോള്‍ പരിസരത്തു തടിച്ചു കൂടിയ രാമഭക്തര്‍ ജയ് ശ്രീ റാം വിളിച്ച് ആവേശഭരിതരായി. പിന്നാലെ രണ്ട് കൃഷ്ണപ്പരുന്തുകള്‍ എവിടെ നിന്നോ പറന്നെത്തി. ചിറകടിച്ചു വട്ടമിട്ടപ്പോള്‍ താഴെ ജയ രാമം മുഴങ്ങി. തുടര്‍ന്ന് താഴികക്കുടത്തിന്റെ രണ്ടാം തട്ടും തുടര്‍ന്ന് ഏറ്റവും മുകളിലത്തെ കൂമ്പും പ്രതിഷ്ഠിച്ചു.
ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത ക്ഷേത്ര വാസ്തു ശില്പിയും സ്തപതിയുമായ കുംഭകോണം സ്വാമിമല ശില്പകലാമണി ദേവസേനാപതിയുടെ മക്കളായ ഡി. രാധാകൃഷ്ണനും ഡി. സ്വാമിനാഥനും ചേര്‍ന്നാണ് താഴികക്കുടവും രാമവിഗ്രഹവും നിര്‍മ്മിച്ചത്. ജടായു പക്ഷിയുടെ ജീവത്യാഗത്തിന്റെ ഉജ്ജ്വല സ്മരണകള്‍ തുടികൊട്ടുന്ന മാമലയില്‍ ഇഷ്ടമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്റെ സവിധത്തില്‍ പക്ഷിക്കൂട്ടം ചിറകടിച്ചു പറന്ന് വിഗ്രഹ വീക്ഷണം നടത്തിയതും വാനരന്മാര് തുള്ളിച്ചാടി നടന്നതും കൗതുകക്കാഴ്ചയായി.
Discussion about this post