കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് കമ്മിഷണര്‍ക്ക് നേരെ മലപ്പുറം എടവണ്ണപ്പാറയില്‍ വച്ചാണ് ആക്രമണ ശ്രമം നടന്നത്. അദ്ദേഹത്തിന്‍റെ വാഹനത്തില്‍ ഒരു സംഘം വാഹനം കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. കല്‍പ്പറ്റയില്‍നിന്ന് മുക്കത്തെത്തിയ ശേഷമാണ് നാല് വാഹനങ്ങള്‍ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൊണ്ടോട്ടി വരെ വാഹനങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.
കൊണ്ടോട്ടിയില്‍ നിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.കൊടുവള്ളി മുതല് എടവണ്ണപ്പാറ വരെയാണ് സംഘം കമ്മീഷണറെ പിന്തുടര്ന്നത്.
സുമിത്കുമാര്‍ ഡോളര്‍ കടത്ത്, സ്വര്‍ണ്ണക്കള്ളക്കടത്ത് എന്നീ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ്. കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ ആണ് ആക്രമണം നടന്നത്.












