ദുബായ് : പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി സഹായകരമാകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന നടപടികളില്‍ രണ്ട് പദ്ധതികളുണ്ട്. സ്വര്‍ണം വാങ്ങുന്നതിനു പകരം ഗോള്‍ഡ് ബോണ്ടുകളില്‍ വ്യക്തികള്‍ക്ക് നിക്ഷേപിക്കാമെന്നതാണ് ഒന്ന്. കൈയിലുള്ള സ്വര്‍ണം പണമാക്കാമെന്നതാണ് രണ്ടാമത്തേത്. പദ്ധതിയുടെ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഈ രണ്ട് പദ്ധതികളും പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍ദിഷ്ട പരിധിയില്‍ കവിഞ്ഞ് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രവാസിക്ക് നികുതി നല്‍കേണ്ടിവരുമെന്നതാണ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം സ്വര്‍ണം ഇവിടെനിന്നു വാങ്ങാതെ പണം ഇവിടെനിന്ന് അയച്ച് നാട്ടില്‍നിന്ന് സ്വര്‍ണ ബോണ്ട് വാങ്ങാമെന്നത് ഏറെ പ്രയോജനം ചെയ്യുന്നുന്ന ഒന്നാണെന്ന്
ഐബിഎംസി ഡയറക്ടറും സിഇഒയുമായ പി.കെ. സജിത്കുമാര്‍ പറഞ്ഞു.
നിക്ഷേപത്തിന് നികുതി ഒഴിവാക്കാനാണു സാധ്യത. വെല്‍ത്ത് ടാക്സ്, ആദായനികുതി തുടങ്ങിയവയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കാനാണ് സാധ്യത. നിക്ഷേപ പദ്ധതിയായതിനാല്‍ പലിശയും ലഭിക്കും. ഒരാള്‍ക്ക് 500 ഗ്രാം വരെയുള്ള സ്വര്‍ണ ബോണ്ട് വാങ്ങാം. 5, 10, 50, 100 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണ ബോണ്ടുകള്‍ ലഭിക്കുന്നത്. അഞ്ചുമുതല്‍ ഏഴുവര്ഷംവരെയാണു കാലാവധി. സ്വര്‍ണം വായ്പയ്ക്കായി ഈട് വയ്ക്കുന്നതുപോലെ സ്വര്‍ണ ബോണ്ട് ഈടിന്മേലും വായ്പ ലഭിക്കും. രൂപയ്ക്കു മൂല്യം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിലും സ്വര്‍ണത്തിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും വിദേശത്തുനിന്നു പണം അയച്ച് സ്വര്‍ണ ബോണ്ട് വാങ്ങുന്നത് ലാഭകരമായിരിക്കുമെന്നും സജിത്കുമാര്‍ പറഞ്ഞു.
സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാനാണു ഗോള്‍ഡ് ബോണ്ട് വഴി സര്‍ക്കാര്‍ പദ്ധതിയിടുന്നതെങ്കില്‍ വീട്ടിലും മറ്റും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള പദ്ധതിയാണ് സ്വര്‍ണം പണമാക്കല്‍ പദ്ധതി. സ്വര്‍ണം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല, ലോക്കര്‍ ഫീസ് നല്‍കേണ്ടതില്ല. ബാങ്ക് ലോക്കറുകളിലും വീടുകളിലും ഡെഡ് ഇന്‍വെസ്റ്റ്മെന്റ് ആയി ഇരിക്കുന്ന സ്വര്‍ണം സ്വര്‍ണ അക്കൗണ്ടായി മാറുമ്പോള്‍ പലിശ ലഭിക്കുന്നു എന്നത് ആദായകരം. നാട്ടിലെ സ്വര്‍ണത്തിന്റെ സുരക്ഷയെക്കുറിച്ചു വിഷമിക്കുന്ന പ്രവാസിക്കിത് ആശ്വാസമാകും. ലോക്കറിന് അങ്ങോട്ടു പണം നല്‍കാതെ, പലിശ ഇങ്ങോട്ടു ലഭിക്കുമെന്നതാണ് ആശ്വാസം.
Discussion about this post