ലഖ്നൗ: പഞ്ചായത്ത് പ്രസിഡന്റായി ഭരണം തുടർന്ന പാകിസ്ഥാൻ സ്വദേശിനിയെ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് പൊലീസ്. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ഭരണം നടത്തിയത്. ഗഡൗ പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസസര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. തുടർന്ന് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമാകുകയായിരുന്നു. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം കഴിച്ചാണ് ബാനോ ബീഗം ഇന്ത്യയിലെത്തിയത്.
പിന്നീട് ഇവര്‍ വിസ കാലാവധി നീട്ടിയിരുന്നു. എന്നാൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി ഒമ്പതിന് ഇവർ ഇടക്കാല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
ആധാര്‍ കാര്‍ഡും മറ്റ് രേഖകളും കൃത്രിമമായി സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ശനിയാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post