ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്. ഇന്ത്യയേക്കാൾ ഇപ്പോഴും 198 റൺസ് പിറകിലാണ് സന്ദർശകർ.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റൺസിൽ അവസാനിച്ചു. 161 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നത്. രഹാനെ 67ഉം ഋഷഭ് പന്ത് 58 റൺസും നേടി. മറ്റ് ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടു. ഇംഗ്ലീഷ് സ്പിന്നർ മോയിൻ അലി 4 വിക്കറ്റ് വീഴ്ത്തിയത് പിച്ചിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു. ഒലി സ്റ്റോൺ 3ഉം ജാക്ക് ലീച്ച് 2ഉം നായകൻ ജോ റൂട്ട് ഒരു വിക്കറ്റുമെടുത്തു.
4 വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്. 38 റൺസുമായി ബാറ്റിംഗ് തുടരുന്ന വിക്കറ്റ് കീപ്പർ ബെൻ ഫോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് 6 റൻസുമായി മടങ്ങി. 5 റൺസെടുത്ത ജാക്ക് ലീച്ചാണ് പുറത്താകാതെ നിൽക്കുന്ന മറ്റൊരു ബാറ്റ്സ്മാൻ. അക്സർ പട്ടേൽ 2 വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജിനും ഇഷാന്ത് ശർമ്മയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Discussion about this post