ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹൃദത്തോടെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹബീബ് പറയുന്നു.
മുസ്ലീം വിഭാഗം ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരുമൊക്കെയായി ഇടയ്ക്ക് ചിത്രീകരിക്കപ്പെടുന്നത് തനിക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന കാര്യമാണ്. മറ്റ് ഏതൊരു ക്ഷേത്രമാണെങ്കിലും താന്‍ സംഭാവന ചെയ്യും എന്ന് തോന്നുന്നില്ല. എന്നാല്‍ അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന് ഏറെ പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കം ഒടുവില്‍ പരിഹരിക്കപ്പെട്ട ശേഷമാണ് പുതിയ മന്ദിരത്തിന് ശിലയിട്ടിരിക്കുന്നതെന്നും ഹബീബ് കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ഈശ്വരന്റെ മക്കളാണ്. അതുകൊണ്ടാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതെന്നും ഹബീബ് വ്യക്തമാക്കി.അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള സംഭാവന ഇതിനോടകം 1,500 കോടി കടന്നു. ഫണ്ട് ശേഖരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നരലക്ഷം പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്. വിശ്വ ഹിന്ദു പരിഷത്ത്, ആര് എസ് എസ് പ്രവര്‍ത്തകരാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്നത്.
Discussion about this post