തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭയാര്‍ഥികളുടെ നേതാവാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ തിരസ്കരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് അഭയം തേടിയെത്തുകയായിരുന്നെന്ന് ജോഷി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് ശേഷമുള്ള ബിജെപിയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അമേഠി കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു. അവിടെ തോല്‍ക്കുമെന്നായപ്പോള്‍ രാഹുല്‍ കേരളത്തിലേക്ക് എത്തി. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും അമേഠിയുടെ വികസനത്തിനായി രാഹുല്‍ ഒന്നും ചെയ്തിട്ടില്ല. അമേഠിയിലെ പൊതു ആരോഗ്യ മേഖലയില്‍ ഒരു എക്സ്റേ മെഷീന് പോലും ഇല്ല. ഒടുവില്‍ അദ്ദേഹം വയനാട്ടിലെത്തി. അദ്ദേഹം കേരളത്തിലെത്തിയതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് അധികം വൈകാതെ മനസിലാകും,” പ്രഹ്ളാദ് ജോഷി തൃശൂരിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി. “ശബരിമല യുവതീപ്രവേശനത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ രാഹുല്‍ തയ്യാറാകണം. ശബരിമല വിഷയത്തെ കുറിച്ച് രാഹുല്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു. ഈ വിഷയത്തില്‍ രാഹുലിന്റെ നിലപാട് എന്താണ് ? വ്യക്തമാക്കൂ. ശബരിമല യുവതീപ്രവേശന വിധിയെ രാഹുല്‍ ഗാന്ധി ആദ്യം പിന്തുണച്ചിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം വിധിയെ എതിര്‍ത്തു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണ്,” ജോഷി പറഞ്ഞു.
“എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വന്‍ പരാജയമാണ്. ഇരു മുന്നണികളെയും ബിജെപി പരാജയപ്പെടുത്തും. കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റും നടത്തും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post