കോഴിക്കോട് : കത്വ, ഉന്നാവോ ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ എഫ്‌ഐഎആര്‍ രജിസ്റ്റര്‍ ചെയ്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന യൂസുഫ് പടനിലം നല്‍കിയ പരാതിയില്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ മാസം ഒന്‍പതിനാണ് യൂസുഫ് പോലീസില്‍ പരാതി നല്‍കിയത്.ജമ്മു കാശ്മീരിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും കൊല്ലപ്പെട്ട ഇരകൾക്കായി കേസ് നടത്താനും ഇത് ബിജെപിക്കെതിരെ ആയുധമാക്കാനും രാജ്യത്താകെ പ്രചാരണം നടത്താനും വേണ്ടിയാണ് ഇവർ ഫണ്ട് പിരിവ് നടത്തിയത്.പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം.
യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയില്‍ പങ്കുണ്ടെന്നും ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ യൂസുഫ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വം പിന്നീട് രംഗത്ത് വന്നിരുന്നു.
Discussion about this post