കൊച്ചി: ബി ബിജെപി സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. ശ്രീധരന്റെ സ്വന്തം നാടാണ് പൊന്നാനി.
അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാവാനാണ് ശ്രീധരന്‍ ബിജെപിയിലേക്ക് വരുന്നതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ ചുമതല നൽകിയാൽ നിർവഹിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേര്‍ന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ പലതും ചെയ്യാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാന്‍ കേരളത്തില്‍ ബിജെപിയുടെ ജനപ്രതിനിധികള്‍ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതെന്നും ഇ ശ്രീധരൻ പറയുന്നു.
താന്‍ ബിജെപിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ടീയപാര്‍ട്ടിയല്ല. സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. അതാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഒരു പക്ഷം പാടില്ല. ഇപ്പോള്‍ തന്റെ കര്‍മങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ് മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ. രാജ്യം പടുത്തുയര്‍ത്തണമെന്നില്ല. എന്നാല്‍ ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലേക്ക് മികച്ചൊരു വ്യവസായം കടന്നുവരുന്നില്ല. രാജ്യത്തിനും സംസ്ഥാനത്തിനും ഗുണില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തില്‍ ഒരുക്കുന്നത്. രാഷ്ട്രീയ നേട്ടം മാത്രമേ നോക്കുന്നുള്ളൂ. സില്‍വര്‍ ലൈന്‍ പദ്ധതി ഇതിന്റെ ഭാഗമാണെന്നും ശ്രീധരന്‍ പറഞ്ഞു.
പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു. സ്വാഭാവിക പ്രളയമായിരുന്നില്ല. എന്തുകൊണ്ടാണ് പ്രളയം വന്നതെന്ന് ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ല. പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതല്‍ ദോഷം ചെയ്ത പദ്ധതിയാണ്. എത്രകാലം നമുക്ക് കടം വാങ്ങി ജീവിക്കാന്‍ സാധിക്കും. ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. ആരാണീ കടം വീട്ടുക. കിഫ്ബിയുടെ പദ്ധതികളെല്ലാം ലാഭകരമല്ലാത്തതാണ്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളത്. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല. അവര്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വര്‍ഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളത്തിൽ നടത്തിയ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനം. ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി കെ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇ.ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.












