തിരുവനന്തപുരം: ഇ ശ്രീധരനും ജേക്കബ് തോമസും ഉൾപ്പെടെയുള്ള പ്രമുഖരെ ഒപ്പം ചേർത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങുന്ന ബിജെപി അടുത്ത സർപ്രൈസ് പാക്കേജ് ഒരുക്കാൻ തയ്യാറെടുക്കുന്നതായി സൂചന. ആറന്മുളയിലെ ഇടത് എം എൽ എ വീണ ജോർജ് ഇക്കുറിയും മത്സരിക്കുമെന്നാണ് സൂചന. മാധ്യമ പ്രവർത്തകയായ വീണയെ നേരിടാൻ കേരളത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവർത്തകയായ സുജയ പാർവതിയെ വീണാ ജോർജിനെതിരെ മത്സരിപ്പിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായാണ് വിവരം. ബിജെപിക്ക് മികച്ച വോട്ട് ശതമാനമുള്ള മണ്ഡലമാണ് ആറന്മുള. ശബരിമല വിഷയത്തിലെ ആർ എസ് എസ് ഇടപെടൽ മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനം മികച്ച രീതിയിൽ വർദ്ധിപ്പിച്ചിരുന്നു.
സുജയ പാർവതി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും അടുത്തയിടെ രാജി വച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സുജയ രാജി വെച്ചത് എന്നാണ് സൂചന. ആറന്മുളയിൽ സുജയയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായി എന്നാണ് സൂചന.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി സുജയ പാർവതി ബിജെപിയിൽ ചേരുമെന്നാണ് സൂചന. നേരത്തെ ഏഷ്യാനെറ്റിലെ മറ്റൊരു റിപ്പോര്‍ട്ടറായിരുന്ന ശ്യാംകുമാര്‍ രാജിവച്ചിരുന്നു. ഇദ്ദേഹമിപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണ്.
എന്നാൽ സുജയയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ബിജെപിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. വാർത്തയോടുള്ള സുജയ പാർവതിയുടെ പ്രതികരണവും ലഭ്യമല്ല.
Discussion about this post