മലയാളത്തിൽ പ്രണയ വസന്തം പുനസൃഷ്ടിച്ച ‘എന്ന് നിന്റെ മൊയ്തീൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തന്റെ രണ്ടാം ചിത്രവുമായി സംവിധായകൻ ആർ എസ് വിമൽ. ‘സൂര്യപുത്ര മഹാവീർ കർണ്ണ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ടു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് മുന്നൂറ് കോടി രൂപയാണ്. സൂപ്പർ താരം സുരേഷ് ഗോപിയും തമിഴ് സൂപ്പർ താരം വിക്രമും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുകയാണ്.
ഹോളിവുഡിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ താരങ്ങൾ അഭിനയിക്കും. പ്രമുഖ നിർമ്മാണ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ആർ എസ് വിമൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
ന്യൂയോർക്ക് നിർമ്മാണ കമ്പനിയായ യുണൈറ്റഡ് ഫിലിം കമ്പനിയാണ് ചിത്രം അന്താരാഷ്ട്ര തലത്തിൽ മാർക്കറ്റ് ചെയ്യുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കെ കെ സെന്തിൽ കുമാറാണ്. എഡിറ്റിംഗ് ശ്രീകർ പ്രസാദ് നിർവ്വഹിക്കും. ചിത്രത്തിൽ കർണ്ണനായി വിക്രമും ദുര്യോധനനായി സുരേഷ് ഗോപിയും അഭിനയിക്കുമെന്നാണ് സൂചന.
Discussion about this post