ഇടുക്കി: പാവപ്പെട്ടവരുടെ റേഷൻ വിഹിതത്തിൽ കൈയ്യിട്ട് വാരിയത് ചോദ്യം ചെയ്ത അംഗപരിമിതയായ യുവതിക്കെതിരെ പ്രതികാര നടപടിയുമായി എൽഡിഎഫ് പഞ്ചായത്തംഗം. അർഹതപ്പെട്ട തൊഴിലുറപ്പ് ജോലി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി ദേവികുളം സബ്കളക്ടര്‍ക്ക് പരാതി നല്‍കി. പെരിയവാരൈ ആനമുടി സബ്ഡിവിഷനില്‍ താമസിക്കുന്ന ശെല്‍വിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പാവപ്പെട്ടവർക്ക് അർഹതപ്പെട്ട റേഷന്‍ വിഹിതം കൃത്യമായി നല്‍കാത്തത് യുവതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് അംഗം ശെല്‍വിയ്ക്ക് തൊഴിലുറപ്പ് ജോലി നല്‍കരുതെന്ന് സൂപ്പര്‍വൈസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാതിയിൽ കർശനമായ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. റേഷൻ വിഹിതത്തിന്റെ കണക്ക് അറിയാത്ത പാവപ്പെട്ടവരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ നാട്ടുകാർ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.











