ലണ്ടന്‍: 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേല്‍ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നു വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് ജഡ്ജി സാമുവല്‍ ഗൂസ് നിരീക്ഷിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. അന്നുമുതല്‍ ഇയാളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയില്‍ തന്നെ നിയമനടപടി നേരിടുന്നത് കൂടുതല്‍ നല്ലതായിരിക്കുമെന്ന് ലണ്ടന്‍ കോടതി വിലയിരുത്തി.
‘നീരവ് മോദി കുറ്റവാളിയാണ് എന്നതിനു ധാരാളം തെളിവുണ്ട്. ആ തെളിവുകളില്‍ ഞാന്‍ സംതൃപ്തനാണ്. നാടു കടത്തിയാല്‍ നീരവിനു നീതി കിട്ടില്ലെന്നതിനു തെളിവൊന്നുമില്ല. നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനികളില്‍ വ്യാജ പങ്കാളികളാണ് ഉള്ളതെന്നതു സിബിഐ അന്വേഷിക്കുകയാണ്. നീരവ് നടത്തുന്ന നിഴല്‍ കമ്പനികളാണിത്. ന്യായമായ ഇടപാടുകള്‍ നടന്നതായി കാണുന്നില്ല. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും’- ജഡ്ജി അഭിപ്രായപ്പെട്ടു. മുംബൈയിലെ ജയിലിലെ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.
നീരവിനെതിരായി ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തേളം നീണ്ട നിയമപോരാട്ടം ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. കോടതിയുടെ റൂളിങ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോര്‍ട്ട്. വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു നീരവ് കോടതി നടപടികളില്‍ പങ്കെടുത്തത്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നു വ്യാജരേഖകള്‍ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവിനെ നാടുകടത്തുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നു ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് കോടതിയെ അറിയിച്ചിരുന്നു.
നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂര്‍വി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു.
Discussion about this post