ഡൽഹി: അതിർത്തിയിലെ സമാധാന പരിപാലനത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിൽ വിദേശകാര്യ മന്തിതലത്തിൽ ഹോട്ട്ലൈൻ ആരംഭിക്കുന്നു. അതിർത്തിയിലെ സംഘർഷസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും സൈനികരെ പിൻവലിച്ചാൽ മാത്രമേ ബന്ധം മെച്ചപ്പെടൂവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് അതിർത്തിയിലെ സമാധാനം സുപ്രധാനമാണെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ജയ്ശങ്കർ വ്യക്തമാക്കി. ലഡാക്കിലെ പാംഗോങ്സോയിൽ നിന്ന് ഇരുകൂട്ടരും സൈനികരെ പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ ഉന്നതതല ചർച്ചയായിരുന്നു ഇത്. സംഭാഷണം 75 മിനിട്ട് നീണ്ടു നിന്നു.
അതിർത്തിയിൽ സമാധാനം ഇരുകൂട്ടർക്കും അനിവാര്യമാണ്. പ്രശ്നങ്ങൾ അപ്പപ്പോൾ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കുന്നതിന് ഹോട്‍ലൈൻ ബന്ധം സഹായിക്കുമെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. അതിർത്തിയിൽ നിലവിൽ സ്ഥിതി ശാന്തമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനും വ്യക്തമാക്കി.
Discussion about this post