പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇത് കേരളമാണ്, ഞങ്ങള്‍ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കാരല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തില്‍ ഉപയോഗിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അര്ഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ബംഗാളിലും ത്രിപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി ഭരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും ആ പരിപ്പ് വേകും. ബിജെപി അധികാരത്തില്‍ വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.












