തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മന്ത്രി കെ.ടി.ജലീല്‍.
കേന്ദ്ര ഏജന്‍സികള്‍ നോക്കിയിട്ട് തന്റെ രോമത്തില്‍ തൊടാനായില്ലെന്നും എന്തൊക്കെ ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ‘എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലേ വട്ടിമിട്ടു പറന്നത്. എന്നിട്ട് അവസാനം എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ അവര്‍ക്കാര്‍ക്കെങ്കിലും. സമാനമായത് തന്നെയാവും ഈ കാര്യത്തിലും ഉണ്ടാകാന്‍ പോകുന്നത്.’-ജലീല്‍ പറഞ്ഞു.
കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ ഡോളര്‍ കടത്തിയെന്നാണ് സ്വപ്ന നല്കിയ രഹസ്യമൊഴി. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയത്. ഇവരെ കൂടാതെ മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തത വരുത്തേണ്ടതായി വരും.
Discussion about this post