കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചു. മമത ബാനർജി നന്ദിഗ്രാമിൽ നിന്നാണ് മത്സരിക്കുന്നത്. മമതയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരിയായിരിക്കും ബിജെപിയ്ക്ക് വേണ്ടി നന്ദിഗ്രാമിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്. സുവേന്ദു അധികാരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും നന്ദിഗ്രാമിൻറെ വിധി തീരുമാനിക്കാൻ മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുവേന്ദുവിൻറെ തീരുമാനം.
മത്സരിച്ചാലും ഇല്ലെങ്കിലും നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തുമെന്നാണ് സുവേന്ദു അധികാരി വ്യക്തമാക്കുന്നത്. ഒരു കാലത്ത് നന്ദഗ്രാമിൽ മമത ബാനർജിക്കായി ശക്തമായ തന്ത്രം ആവിഷ്കരിച്ച സുവേന്ദു അധികാരി ഇന്ന് ‘ദിദി’ക്ക് എതിരാണ്. സുവേന്ദുവിനെ അനുകൂലിക്കുന്നവർ ‘അമ്ര ദാദർ അനുഗാമി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടേകുന്നത്. മമതബാനർജിയുടെ തന്ത്രങ്ങൾ ദുർബലമാകുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിൽ കാണാൻ കഴിയുന്നത്. സ്വന്തം പാർട്ടി നേതാക്കളും അനുയായികളും ബിജെപിയിൽ ചേരുന്നത് മമതയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കുന്നുണ്ട്.
ഭൂസമരത്തോടെയാണ് നന്ദിഗ്രാമിലേക്ക് ടിഎംസിയുടെ പ്രവേശനം. ഭൂമി ഏറ്റെടുക്കുന്നതിന് അന്നത്തെ ഇടതുമുന്നണി സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു ടിഎംസിയ്ക്ക് നന്ദിഗ്രാമിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചത്. തൃണമൂൽ കോൺഗ്രസിന് (ടിഎംസി) അധികാരത്തിലേക്കുള്ള വഴിയൊരുക്കിയതും നന്ദിഗ്രാം സമരം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. സർക്കാരിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെ മുഖമായി സുവേന്ദു അധികാരി മമത ബാനർജിയെ ഉയർത്തികൊണ്ടുവന്നു . സുവേന്ദു അധികാരി എന്ന തീപ്പൊരി നേതാവ് ടിഎംസിയുടെ നേതൃത്വത്തിലേക്കും പ്രവേശിച്ചു. പിന്നീട് സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതവും ശക്തി പ്രാപിക്കാൻ തുടങ്ങി.
ഇത്തവണ രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സുവേന്ദു അധികാരി നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടണമെന്ന് ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നതായി മുകുൾ റോയ് പറഞ്ഞു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ഇതേ അഭിപ്രായം ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി. സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ശക്തിയെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ വലിയ ധാരണയുണ്ടെന്നും ബിജെപിയ്ക്ക് ആത്മവിശ്വാസമുണ്ട്. നന്ദിഗ്രാമിൽ നിന്ന് മാത്രം മത്സരിക്കാൻ മമതയെ സുവേന്ദു അധികാരി വെല്ലുവിളിച്ചിരുന്നു.
കോൺഗ്രസിലൂടെയാണ് സുവേന്ദു അധികാരി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രഭാത് കുമാർ കോളേജിൽ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായാണ് സുവേന്ദു രാഷ്ട്രീയ ജീവിതത്തേലേക്ക് പ്രവേശിക്കുന്നത്. 1988 ൽ ടിഎംസി രൂപീകരിച്ചപ്പോൾ സുവേന്ദുവിന്റെ പിതാവ് ശിശിർ അധികാരിയും പാർട്ടിയിൽ ചേർന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2004 ൽ തംലൂക് ലോക്സഭാ സീറ്റിലും സുവേന്ദു പരാജയപ്പെട്ടു. ഈ രണ്ട് തോൽവികളും രാഷ്ട്രീയരംഗത്ത് നിൽക്കാൻ അദ്ദേഹത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. പിതാവ് ശിശീറിൻറെ സ്വന്തം മണ്ഡലമായ കാന്തി വിധാൻ സഭയിൽ നിന്ന് അദ്ദേഹം നിയമസഭയിലെത്തി. തുടർന്ന് തംലൂക് ലോക്സഭയിൽ നിന്നും അദ്ദേഹം വിജയം നേടി എംപിയായി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ മെഡിനിപൂർ ജില്ലയിലെ നന്ദിഗ്രാം സീറ്റിൽ നിന്ന് സുവേന്ദു മത്സരിച്ചു. സിപിഐയുടെ അബ്ദുൾ കബിയെ പരാജയപ്പെടുത്തി നന്ദിഗ്രാമിൽ സുവേന്ദു വിജയക്കൊടി പാറിച്ചു. സുവേന്ദുവിന് 1,34,623 വോട്ടുകൾ ലഭിച്ചപ്പോൾ അബ്ദുൾ കബിയ്ക്ക് 53, 393 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇടതുപാർട്ടികളുടെ അധികാരകേന്ദ്രങ്ങൾ സുവേന്ദു ഒന്നൊന്നായി കീഴ്പ്പെടുത്തി ടിഎംസിയ്ക്ക് കീഴിലെത്തിച്ചു.
ഈ വിജയത്തിന്റെ പ്രതിഫലമായി സുവേന്ദുവിന് കാബിനറ്റ് മന്ത്രി സ്ഥാനം നൽകി. നിരവധി സുപ്രധാന ഉത്തരവാദിത്വങ്ങളുള്ള സുവേന്ദു ബംഗാളിലെ ടിഎംസിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനിയായി. എന്നാൽ പാർട്ടിയിൽ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ വളർച്ച സുവേന്ദുവിന് പ്രയാസമുണ്ടാക്കി. സുവേന്ദുവിന് പാർട്ടിയിൽ പല അവഗണനകളും നേരിടേണ്ടി വന്നു .ടിഎംസിയിൽ പ്രശാന്ത് കിഷോറിന്റെ ഇടപെടലിനെ സുവേന്ദു ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തെ പല സ്ഥാനങ്ങളിൽ നിന്നും മമത നീക്കം ചെയ്തു. ഇതോടെ സുവേന്ദുവിന് ടി.എം.സി വിടേണ്ടി വന്നു .1967 മുതൽ 2009വരെ ഇടതുപാർട്ടികൾ അടക്കി വാണിരുന്ന നന്ദിഗ്രാം പിടിച്ചെടുത്തത് സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അധികായൻറെ മിടുക്കു തന്നെയാണെന്ന് സിസംശയം പറയാനാകും. പിന്നീട് 2009 മുതൽ 2016 വരെ നന്ദിഗ്രാമിൽ ടിഎംസിയാണ് വിജയിച്ചത്.
Discussion about this post