മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്ന് ബിജെപി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണം. മലപ്പുറത്തെ രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെയും ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണം. എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എട്ട് ലക്ഷം ഹെക്ടർ കൃഷി ഒന്നര ലക്ഷം ഹെക്ടർ കൃഷിയായി കുറഞ്ഞു. ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരുമെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി.
കേരളത്തിലെ പെട്രോൾവില വർധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കുമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പെട്രോൾ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ പറഞ്ഞപ്പോൾ കേരളം എതിർത്തിരുന്നു. മാഹിയിൽ നിന്നും ഡീസൽ അടിച്ചത് കൊണ്ട് അഞ്ച് രൂപയുടെ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വിലയെക്കുറിച്ച് കോൺഗ്രസ് പണ്ട് ചെയ്തതു പോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാർട്ട് സിറ്റിയാക്കുമെന്ന് മലപ്പുറത്ത് മാധ്യമങ്ങളെ കാണവെ എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.












