തിരുവനന്തപുരം: ബി ജെ പി ഏജന്റുമാർ കോടികൾ വാഗ്ദ്ധാനം ചെയ്ത് തന്നെ സമീപിച്ചതായുള്ള കോൺഗ്രസ് നേതാവ് എം എ വാഹിദിന്റെ ആരോപണം തള്ളി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ഇത്തരം പ്രചാരണങ്ങൾ ആസൂത്രിതമാണ്. കോൺഗ്രസ് നേതാക്കൾ ബോധപൂർവം മെനഞ്ഞെടുത്ത വാർത്തയാണിതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിലെ പല നേതാക്കളും ബി ജെ പിയിലേക്ക് വരാൻ മാനസികമായി തയ്യാറെടുത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചില ആളുകളെ ഉപയോഗിച്ച് ഇത്തരത്തിൽ വാർത്തകൾ സൃഷ്ടിക്കാനുളള കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. മുൻ കോൺഗ്രസ് നേതാവ് വിജയൻ തോമസ് ബി ജെ പിയിലേക്ക് വന്നതോടെ എന്തെങ്കിലും പറഞ്ഞു പിടിച്ച് നിൽക്കേണ്ടതിനാലാണ് വാഹിദിനെ വച്ച് ഇത്തരമൊരു കഥ മെനഞ്ഞതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. ഇതെല്ലാം കോൺഗ്രസുകാരുടെ തട്ടിപ്പാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഒരിക്കലും ബി ജെ പിയിലേക്ക് വരാൻ സാദ്ധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബി ജെ പിക്കാർ പൊട്ടന്മാരല്ല. ബി ജെ പിയിലേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ച ശേഷം മാത്രമേ അദ്ദേഹത്തെ കാണാനായി പോവുകയുളളൂവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
Discussion about this post