തിരുവനന്തപുരം: നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത. എല്‍ഡിഎഫിനും, യുഡിഎഫിനുമെതിരായ ജനവികാരം ഇന്ന് കേരളത്തില്‍ തിളച്ച് മറിയുകയാണ്. ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായി പരിവര്‍ത്തനത്തിന്റെ കാറ്റ് വിശിയടിക്കുന്നുണ്ട്. ബിജെപിക്ക് വിജയക്കൊടി പാറിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിന്റെ അവാന്തര വിഭാഗങ്ങളില്‍പ്പെട്ട, പ്രമുഖരായ, പൊതുരംഗത്ത് വ്യക്തി മുദ്ര പതിപിച്ചവരാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുണ്ട്. സമൂഹത്തിന്റെ പ്രാതിനിധ്യ സ്വഭാവം ഈ 115 സ്ഥാനാര്‍ത്ഥികളിലൂടെ വ്യക്തമായിരിക്കുന്നു’- കുമ്മനം പറഞ്ഞു.
അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന് ജനവിധി തേടുന്നത്. മെട്രോമാന് ഇ.ശ്രീധരന് പാലക്കാടും മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Discussion about this post