ചേർത്തല: അരൂക്കുറ്റി വടുതലയില്‍ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നും ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. അരൂക്കുറ്റി വടുതല 1008 ജംക്ഷനു സമീപത്തു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് വാളുകൾ കണ്ടെത്തിയത്.
ആക്രി കടയുടമ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാളുകൾ കണ്ടെടുത്തു. കടയുടെ ഒരു ഭാഗത്തായി ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് 15 വാളുകള്‍ കണ്ടെത്തിയത്. വാളുകൾ നന്ദു കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
നന്ദുവിന്റെ കൊലപാതകത്തിൽ വടുതല ഭാഗത്തുള്ള പ്രതികള്‍ ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.












