ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും ഭൂതകാലം മറക്കാൻ തയ്യാറാകണമെന്ന് പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. മേഖലയിലെ സമാധാന പുനസ്ഥാപനത്തിന് ഇത് അനിവാര്യമാണെന്ന് ബജ്വ പറഞ്ഞു.
ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ബജ്വ പറഞ്ഞു. സമാധാനത്തിന് ഇന്ത്യ മുൻകൈ എടുത്താൽ സഹകരിക്കാൻ തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷയ്ക്ക് പിന്നാലെയാണ് പാക് കരസേന മേധാവിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.
എന്നാൽ ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള നീക്കുപോക്കുകൾക്കും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ ഇടയ്ക്കിടെ ലംഘിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ആഭ്യന്തര പ്രശ്നങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യ നേടുന്ന വൻ പുരോഗതിയുമാണ് പാകിസ്ഥാനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് വാസ്തവം. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാൻ ഇന്ത്യ ഒരുക്കമല്ല എന്നത് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കുന്നു.
Discussion about this post