മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ താന്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സ്ഥലം മാറ്റത്തിലും നിയമനത്തിലും മന്ത്രി തെറ്റായ ഇടപടല്‍ നടത്തിയതായ റിപ്പോര്ട്ടിന്മേല് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ദേശ്മുഖിന്റെ താമസസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പരംബീറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹ്തഗി കോടതിയില്‍ ഹാജരാകും.
മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് മുംബയ് പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും പരംബീര്‍ സിംഗിനെ പുറത്താക്കിയത്. ഇതിനു പിന്നാലെ അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്കിയ കത്തിലാണ് മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന് വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്ന് പരംബീര്‍ ആരോപിച്ചു.
റസ്റ്റാറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്കാന് സച്ചിന് വാസെയോട് മന്ത്രി ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി സന്ദര്‍ഭങ്ങളില്‍ കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങള്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post