കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടിയാണെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാല് പിടിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി അവർ പറഞ്ഞു. ഇന്നും സര്‍ക്കാര്‍ സി.ബി.ഐക്ക് ഫയലുകള്‍ കൈമാറിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി സമ്മതിച്ചിട്ടും എന്തിനാണ് സർക്കാർ അവരെ സംരക്ഷിക്കുന്നതെന്നും പട്ടികജാതിക്കാരിയോ പാവങ്ങളോ ആയത് കൊണ്ടാണോ തങ്ങളെ അപമാനിക്കുന്നതെന്നും അവര്‍ ചോദിച്ചു.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് യന്ത്രമാക്കി മാറ്റിയിട്ട് മറന്നുകളയുന്നത് എന്തുകൊണ്ടാണ്. ഇതൊക്കെ നേരില്‍ ചോദിക്കാന്‍ കിട്ടിയ അവസരമാണ് തെരഞ്ഞെടുപ്പെന്നും വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു. താന്‍ മത്സരിക്കുകയാണെങ്കില്‍ പെറ്റിക്കോട്ട് ചിഹ്നമായി വാങ്ങിക്കാമെന്ന് ആലോചിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ചിഹ്നം അനുവദിച്ചപ്പോള്‍ തന്നെ താന്‍ വിജയിച്ചുവെന്നും അവർ പറഞ്ഞു.
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വാളയാര്‍ കുട്ടികളുടെ അമ്മ നിലവിൽ പ്രചാരണ രംഗത്ത് സജീവമാണ്. കുഞ്ഞുടുപ്പാണ് ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്.












