ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 2021 സീസണിലെ ടീമിന്റെ ജഴ്സി പുറത്തിറക്കി. ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്.
ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്. 2008ല്‍ ഐ പി എല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സായുധ സേനകളോട് ഉള്ള ആദര സൂചകമായി ടീം ജഴ്സിയില്‍ “കാമോഫ്ലേജ് ” ഡിസൈനും ടീം ലോഗോക്ക് മുകളില്‍ 2010, 2011, 2018 എന്നീ വര്‍ഷങ്ങളില്‍ നേടിയ കിരീടങ്ങളെ സൂചിപ്പിക്കാന്‍ മൂന്ന് നക്ഷത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. 2019 ഐ പി എല്‍ സീസണിന്റെ തുടക്കത്തില്‍ രണ്ട് കോടി രൂപയുടെ ചെക്ക് നല്കി കൊണ്ട് സി എസ് കെ നേരത്തെ തന്നെ സായുധ സേനകളോടുള്ള തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ജഴ്സിയില്‍ തോള്‍ഭാഗത്തായി സ്വര്‍ണ ബാന്‍ഡുകളോട് ചേര്‍ന്നാണ് കമോഫ്ലേജ് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്.
സായുധ സേനകളുടെ സുപ്രധാനവും നിസ്വാര്‍ത്ഥവുമായ സേവനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ എങ്ങനെ കണ്ടെത്തും എന്നുള്ളത് കുറച്ചുകാലമായി ഞങ്ങളുടെ മനസ്സിലുള്ള കാര്യമാണ്. അവരുടെ സേവനത്തിനോടുള്ള അഭിവാദ്യമാണ് ഈ ഡിസൈനെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഒ കാശി വിശ്വനാഥൻ അറിയിച്ചു.
Discussion about this post