ഡൽഹി: അമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. ദേശീയ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്കും സർക്കാരിനും രാഷ്ട്രപതിക്കും ആശംസകൾ നേരുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദിന് അയച്ച സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
മാതൃകാപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളമായ അമ്പതാം വാർഷികമാണ് ഇന്ത്യയും ബംഗ്ലാദേശും ആഘോഷിക്കുന്നത്. ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി കൂടി ആഘോഷിക്കുന്ന ഈ വേളയിൽ ബംഗ്ലാദേശിന്റെ ആഹ്ലാദത്തിൽ ഇന്ത്യയും പങ്കാളിയാവുകയാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ അറിയിച്ചു.
അതേസമയം ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിൽ എത്തും. കൊവിഡ് വ്യാപനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാകും ഇത്.
ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ- സാമുദായിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Discussion about this post