കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ വ്യാപക അക്രമം. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ കൊണ്ടയിൽ വച്ച് ആക്രമണമുണ്ടായി. കാറിന്റെ ചില്ലുകൾ തകർത്തു. ഡ്രൈവറെ തല്ലിച്ചതച്ചുവെന്നും സുവേന്ദു അധികാരിക്ക് പരുക്കേറ്റിട്ടിട്ടില്ലെന്നും സഹോദരൻ സൗമേന്ദു അധികാരി പറഞ്ഞു.
മൂന്നു പോളിങ് ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തിൽ തട്ടിപ്പു നടക്കുകയായിരുന്നു. താൻ ഇവിടെ എത്തിയതിനാൽ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകർത്തതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
കിഴക്കൻ മിഡ്നാപൂരിൽ വെടിവയ്പ്പുണ്ടായി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഝാർഗ്രാമിൽ സിപിഎം സ്ഥാനാർഥി സുശാന്ത് ഷോഘിന്റെ ആക്രമിച്ച് കാർ തകർത്തു. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.
ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ മിഡ്നാപുരില്‍ വെടിവയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബൂത്തുകൾക്കു മുന്നിൽ രാവിലെ മുതൽ തന്നെ നീണ്ടനിര തുടരുകയാണ്. പതിനൊന്നുവരെ ബംഗാളില്‍ 24.61 ശതമാനവും അസമില്‍ 24.48 ശതമാനവും പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ബംഗാളിലെ ചില ഗ്രാമീണ മേഖലകളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ബിജെപിയുടെ പശ്ചിമ മിഡ്നാപുർ സ്ഥാനാർഥി സാമിത് ദാസ് ആരോപിച്ചു. ബൂത്തിലേക്കു പോകുന്നതിനിടെ ജാഗരമിലെ സൽബോനി മേഖലയിൽവച്ച് തനിക്കെതിരെ അതിക്രമമുണ്ടായെന്ന് സിപിഎം സ്ഥാനാർഥി സുശാന്ത ഘോഷും പറഞ്ഞു.
Discussion about this post