യാങ്കൂണ്‍ : പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 114 പേരാണ് കൊല്ലപ്പെട്ടത് എന്ന് മ്യാന്‍മര്‍ ന്യൂസ് വെബ്‌സൈറ്റായ മ്യാന്‍മര്‍ നൗ റിപ്പോർട്ട് ചെയ്തു . വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ സൈനിക ദിനാഘോഷത്തിന് മ്യാന്‍മറില്‍ എത്തിയിരുന്നു.
യാങ്കൂണിലും മന്‍ഡാലെയിലും അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.മാന്‍ഡലെയില്‍ 5 വയസ്സുള്ള ബാലന്‍ അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും കൊല്ലപ്പെട്ടു.സൈന്യത്തിന് ഇത് അപമാനത്തിന്റെ ദിവസമാണെന്ന് പ്രക്ഷോഭം നടത്തുന്ന സംഘടനകളിലൊന്നായ സി ആര്‍ പി എച്ച് പ്രതിനിധി പ്രതികരിച്ചു.
വെടിവെപ്പിനെ അപലപിച്ച് യു എസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭയും ആക്രമണത്തെ അപലപിച്ചു. യൂറോപ്യന്‍ യൂണിയനും യു എസും മ്യാന്‍മറിനെ ഉപരോധിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാന്‍മറിനുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് കര്‍ശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞു.










