ജക്കാർത്ത : ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ബലോംഗയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെർട്ടാമിന എണ്ണ ശുദ്ധീകരണ ശാലയിലെ തീപിടിത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.നൂറുകണക്കിന് അഗ്നിശമന വാഹനങ്ങളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്.
തീപിടുത്തത്തിനിടെ ആയിരത്തോളം ബലോംഗൻ നിവാസികളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. തീപിടുത്തത്തിൽ 20 പേർക്ക് പരിക്കേറ്റതായും അഞ്ചുപേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും പ്രാദേശിക അടിയന്തര അധികൃതരെ ഉദ്ധരിച്ച് ഇന്തോനേഷ്യ അന്റാര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബലോംഗൻ ഓയിൽ റിഫൈനറിയിൽ നടന്ന സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പെർട്ടാമിന പറഞ്ഞു. ശക്തമായ ഇടിമിന്നലാണ് ഓയിൽ റിഫൈനറി സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സമയത്ത് മഴയും മിന്നലുമുണ്ടായിരുന്നെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post