പാലാ: വൈദികനെ കണ്ടതിനു ശേഷം ഫോട്ടോ പകര്‍ത്തി സഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയില്‍ പ്രചരണം നടത്തിയതായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങളും അടയാളങ്ങളും പ്രചരണത്തിനുപയോഗിച്ചതായി ആരോപിച്ചാണ് പരാതി. തെരെഞ്ഞെടുപ്പില്‍ വിജയിച്ചാലും അയോഗ്യത കല്‍പ്പിക്കാവുന്നത്ര ഗുരുതരമായ ആരോപണമാണ് മാണി സി കാപ്പനെതിരെ വന്നിട്ടുള്ളത്.
പാലാ രൂപതയിലെ കൊഴുവനാല്‍ സെന്‍റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍ കാപ്പനെ അനുഗ്രഹിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. സഭയുടെ പൂര്‍ണ പിന്തുണയുണ്ട് കാപ്പന് എന്ന് തോന്നിക്കുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചത്. ചിത്രം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍ കാപ്പനെ വിളിച്ച് തന്റെ ചിത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും, ചിത്രം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫോടോ പ്രചരണം അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതോടെ വൈദികന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വീഡിയോ പുറത്തുവിടുകയായിരുന്നു.
“ബഹുമാനപ്പെട്ട കാപ്പന്‍സാര്‍ അനുഗ്രഹം തേടി തന്നെ കാണാന്‍ വന്നിരുന്നു. ഞാന്‍ അദ്ദേഹത്തിനായി പ്രാര്‍ഥിച്ച് അനുഗ്രഹിച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തി. ഇത് പിന്നീട് രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. മുമ്പും പല സ്ഥാനാര്‍ഥികളും കാണാന്‍ വരികയും പ്രാര്‍ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരാരും അതിന്‍റെ ചിത്രം പകര്‍ത്തി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ല. താനിരുന്ന ഇടവകകളിലും പരിചയക്കാരുടെയടുത്തും ഈ ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇടപെടേണ്ടി വന്നത്” ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍ വ്യക്തമാക്കി.
ഇലക്ഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ ഇത് നിയമപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വൈദികന്‍റെ വീഡിയോ പുറത്തിറങ്ങിയതോടെ രാഷ്ട്രീയ പ്രചരണത്തിനുപയോഗിച്ച ഫോട്ടോ മാണി സി കാപ്പന്‍റെ പേജില്‍ നിന്നും നീക്കം ചെയ്തു.












