കായംകുളം: കായംകുളം മണ്ഡലത്തില്‍ 77ാം നമ്പർ ബൂത്തിൽ തപാല്‍ വോട്ട് ചെയ്യിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്ഷേമ പെന്‍ഷന്‍ നല്‍കാനും ആളെത്തിയത് വലിയ വിവാദമായി. വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
സഹകരണ ബാങ്കിലെ ജീവനക്കാരനാണ് വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പെന്‍ഷന്‍ നല്‍കാനെത്തിയത്.വോട്ടെടുപ്പ് നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നല്‍കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്ന് ഇയാള്‍ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം പോളിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നത് പെന്‍ഷന്‍ വിതരണം ചെയ്യാനെത്തിയ ആളെ തങ്ങള്‍ക്ക് അറിയില്ലെന്നാണ്
ബാങ്ക് ജീവനക്കാരന്‍ മാത്രമല്ല, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, പെന്‍ഷന്‍ നല്‍കാന്‍ വീടുകളില്‍ കയറിയിറങ്ങുന്നുണ്ടെന്ന് യു ഡി എഫ് ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












