കണ്ണൂർ: മരിച്ചു പോയ സിപിഎം നേതാവ് പി കെ കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരിൽ ഇപ്പോഴും വോട്ടുള്ളത്.
ഇദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന വിചിത്രമായ മറുപടിയാണ് ഫീൽഡ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന് ലഭിച്ചത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. എന്നാൽ 2020 ജൂൺ 11ന് കുഞ്ഞനന്തൻ അന്തരിച്ചിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്നായിരുന്നു അന്ത്യം.
ടിപി കേസിലെ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് കുഞ്ഞനന്തന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു.












