ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ക്ഷേത്ര സമുച്ചയം ഉയരാൻ വഴിയൊരുങ്ങുന്നു. കശ്മീരിൽ ക്ഷേത്ര നിർമ്മാണത്തിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഭൂമി അനുവദിച്ചു. ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി താമസ സ്ഥലങ്ങൾ, വേദപാഠശാല, ധ്യാനകേന്ദ്രങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, എന്നിവയും നിർമ്മിക്കാനുള്ള പദ്ധതിക്ക് ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്ന ഭരണസമിതി യോഗം അംഗീകാരം നൽകി. ഇവയോടൊപ്പം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകും.
ക്ഷേത്രം നിർമ്മിക്കപ്പെടുന്നതോടെ ജമ്മു കശ്മീരിൽ തീർത്ഥാടക ടൂറിസം ശക്തിപ്പെടും. പ്രദേശത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായിട്ടുള്ള ഉന്നതിക്ക് ഇത് കാരണമാകും. ഇത് ജമ്മു കശ്മീരിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുമെന്ന് ഭരണ സമിതി യോഗം വിലയിരുത്തി.
കശ്മീരിൽ നിലവിലുള്ള മാതാ വൈഷ്ണോദേവി ക്ഷേത്രത്തിനും അമർനാഥ് ക്ഷേത്രത്തിനും പുറമെ നിർമ്മിക്കപ്പെടാൻ പോകുന്നത് ശ്രീ വെങ്കടേശ്വര ക്ഷേത്രമായിരിക്കും.
Discussion about this post