ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഗുരുതര ആരോപണമുന്നയിച്ച എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ് .“സുഷമ സ്വരാജ് മരിച്ചത് മോദി ഉയര്‍ത്തിയ സമ്മര്‍ദം താങ്ങാന്‍ സാധിക്കാതെയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണത്തിന് കാരണം മോദിയുടെ പീഡനമാണ് . മുതിര്‍ന്ന ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനെ പോലുള്ളവരെ മോദി ‘ഒതുക്കി’. നിങ്ങള്‍ എല്ലാവരെയും ഒതുക്കി. ഞാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല. നിങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും തലകുനിക്കില്ല. താന്‍ കലൈഞ്ജറുടെ പേരക്കുട്ടിയാണ് .” ഉദയനിധി പറഞ്ഞു.
ഉദയനിധിയുടെ പ്രസ്താവനയെ എതിർത്ത് കൊണ്ട് സുഷമാ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് രംഗത്ത് വന്നു. ”അനാവശ്യമായി സുഷമാ സ്വരാജിന്റെ പേര് തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായിഉപയോഗിക്കരുത് , മോദി എല്ലാ കാലത്തും തന്റെ അമ്മയോട് ബഹുമാനത്തോടും ആദരവോടും കൂടിയാണ് പെരുമാറിട്ടുള്ളത്. പ്രതിസന്ധി സമയത്ത് പാര്‍ട്ടിയും പ്രധാനമന്ത്രിയും ഞങ്ങളോടൊപ്പം തന്നെ നിന്നു”. ഉദയനിധിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. 2016 മുതല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന സുഷമ സ്വരാജ്, അവരുടെ 67-ാം വയസിൽ, 2019 ഓഗസ്റ്റ് ആറിനാണ് മരിക്കുന്നത്.
അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലി ജെയ്റ്റ്‌ലി ബക്ഷിയും ഉദയനിധിക്കെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട് . ” തിരഞ്ഞെടുപ്പ് സമ്മര്‍ദം എനിക്ക് മനസിലാകും. എന്നാല്‍ താങ്കളുടെ കള്ളങ്ങള്‍ എന്റെ അച്ഛന്റെ ഓര്‍മകളെ അപമാനിക്കുന്നതാണ്. അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്രമോദിയും തമ്മില്‍ രാഷ്ട്രീയത്തിന് അപ്പുറവും പ്രത്യേക ബന്ധം സൂക്ഷിച്ചിരുന്നു. അത്തരം ഒരു സൗഹൃദം താങ്കള്‍ക്കുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’- അവര്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി, അതേ വര്‍ഷം ഓഗസ്റ്റ് 24 നാണ് മരിക്കുന്നത്.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായിരുന്ന സുഷമ സ്വരാജൂം,അരുണ്‍ ജെയ്റ്റ്‌ലിയും വാജ്‌പേയി മന്ത്രിസഭയിലും, നരേന്ദ്രമോദി മന്ത്രിസഭയിലും സുപ്രധാന വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത് .
Discussion about this post