ആലപ്പുഴ : സോഷ്യല് മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ ബെഡ്ഷീറ്റ് കഴുത്തിൽ മുറുകി വിദ്യാര്ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീഷയുടെയും മകന് സിദ്ധാര്ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് തലവടി കിളിരൂര് വാടക വീട്ടിലാണ് സംഭവം
രാത്രി ഭക്ഷണത്തിനുശേഷം മൊബൈല്ഫോണുമായി മുറിയില് കയറിയ സിദ്ധാര്ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്ന്ന് മാതാവ് വാതില് തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില് തൂങ്ങിനില്ക്കുന്നതായി കണ്ടെത്തിയത്. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാര് എടത്വാ പൊലീസില് വിവരം അറിയിച്ചശേഷം സിദ്ധാര്ഥിനെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്ന്ന് ലൈവ് ചിത്രീകരിച്ചിരുന്ന മൊബൈല്ഫോണ് കണ്ടെത്തിയിട്ടുണ്ട് . ഏപ്രില് ഫൂള് ദിനത്തില് സഹപാഠികളെ കബളിപ്പിക്കാന് ചിത്രീകരിച്ചതാണെന്നാണ് വീട്ടുകാരുടെ സംശയം. മൊബൈല്ഫോണ് പൊലീസ് കസ്റ്റഡിയില് എടുത്തു.
പച്ച-ചെക്കിടിക്കാട് ലൂര്ദ്മാതാ ഹയര് സെക്കന്ഡറി സ്കൂള് പ്ലസ്ടു വിദ്യാര്ഥിയാണ് സിദ്ദു. മൃതദേഹം വണ്ടാനം മെഡിക്കല് കോളജില് പോസ്റ്റുമോര്ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് 12ന് കേളമംഗലത്തെ കുടുംബ വീട്ടുവളപ്പില് മൃതദേഹം സംസ്കരിക്കും.












