മുംബൈ: ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഡൽഹി ക്യാപിറ്റൽസ് താരം അക്ഷർ പട്ടേലിനും ചെന്നൈ സൂപ്പർ കിങ്സിലെ പേരു വെളിപ്പെടുത്താത്ത ഒരു അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ടീമുകൾ സീസണിനു മുന്നോടിയായുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ടൂർണമെന്റിന് വേദിയാകുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് താരങ്ങൾക്കും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.
കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാർച്ച് 28 നാണ് അക്ഷർ പട്ടേൽ മുംബൈയിൽ പരിശീലനം നടത്തുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർന്നത്. എന്നാൽ, ക്യാംപിൽവച്ച് രണ്ടാമതു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. താരത്തെ ഐസലേഷനിലേക്ക് മാറ്റി. ‘’കോവിഡ് നെഗറ്റീവ് റിസൾട്ടുമായി മാർച്ച് 28നാണ് ടീം താമസിക്കുന്ന ഹോട്ടലിലെത്തി അക്ഷർ പട്ടേൽ ടീമിനൊപ്പം ചേർന്നത്. എന്നാൽ, രണ്ടാമതു നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി. അദ്ദേഹത്തെ എല്ലാ മുൻകരുതലുകളോടും കൂടെ ഐസലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ മെഡിക്കൽ ടീം അദ്ദേഹവുമായി സ്ഥിരം സമ്പർക്കം പുലർത്തുന്നുണ്ട്. അദ്ദേഹം എത്രയും വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നു’’ ; ഡൽഹി ക്യാപിറ്റൽസ് പ്രസ്താവനയിൽ അറിയിച്ചു.
അക്ഷർ പട്ടേലിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . അദ്ദേഹത്തെയും ഐസലേഷനിലേക്ക് മാറ്റി. ടീമിന്റെ ഭാഗമായ ഒരാൾക്ക് കോവിഡ് ബാധിച്ച വിവരം ടീം സിഇഒ കാശി വിശ്വനാഥനും സ്ഥിരീകരിച്ചു. ”കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് താരങ്ങളുമായോ പരിശീലക സംഘാംഗങ്ങളുമായോ സമ്പർക്കമുണ്ടായിട്ടില്ല, ഇയാൾ കോവിഡ് ഫലം അറിയുന്നതിനു മുൻപുതന്നെ മറ്റൊരു നിലയിലാണ് താമസിച്ചിരുന്നത്.” അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള സ്ഥലം മുംബൈ ആണ്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെയാണ് ഐപിഎലിന്റെ ഭാഗമായ വ്യക്തികൾക്കും ഫലം പോസിറ്റീവായത്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് നിലവിൽ മുംബൈയിലുള്ളത്. ഇവരുടെ ആദ്യ ഘട്ട മത്സരങ്ങൾ ഇവിടെ വച്ചാണ് നടക്കേണ്ടത്. ഏപ്രിൽ ഒൻപതിന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. തൊട്ടടുത്ത ദിവസം ഡൽഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരമുണ്ട്.
Discussion about this post