മലപ്പുറം: പാലക്കാട് ബിജെപി മികച്ച വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിൽ അതിരാവിലെ എത്തി അദ്ദേഹം വോട്ട് ചെയ്തു.
കുടുംബത്തോടൊപ്പമെത്തിയാണ് ഇ ശ്രീധരൻ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിലെ ആദ്യ വോട്ടറായിരുന്നു അദ്ദേഹം.
കേരളത്തിൽ രാവിലെ ഏഴിന് തന്നെ പോളിംഗ് ആരംഭിച്ചു. വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിക്കും. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമാണ്. പകല്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഉയര്‍ന്ന ശരീരോഷ്മാവ് കണ്ടെത്തിയാല്‍ രണ്ടു വട്ടം കൂടി പരിശോധിച്ച ശേഷം അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാനുള്ള ടോക്കണ്‍ നല്‍കി തിരിച്ചയയ്ക്കും.












