ഡൽഹി: ജസ്റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഇത് സംബന്ധിച്ച് നിയമന ഉത്തരവിറക്കി. യോഗ്യതയും സീനിയോറിറ്റിയും മാനദണ്ഡങ്ങളാക്കി നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് രമണയുടെ പേര് നിർദ്ദേശിച്ചത്.
ഏപ്രിൽ 23വരെയാണ് നിലവിലെ ചീഫ് ജസ്റ്റിസിന്റെ കാലാവധി. ഇന്ത്യയുടെ 48ആമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമണ ഏപ്രിൽ 24ന് ചുമതലയേൽക്കും. 2022 ഓഗസ്റ്റ് 26വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിൽ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് രമണ ജനിച്ചത്. 1983 ഫെബ്രുവരി 10നാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്.
2000 ജൂൺ 27ന് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമതിനായി. 2013 മാർച്ച് 10 മുതൽ 2013 മെയ് 20 വരെ ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.
2013 സെപ്റ്റംബർ 2ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് രമണ 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.
Discussion about this post