കൊച്ചി: കളമശ്ശേരിയിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒത്താശയോടെ കള്ളവോട്ട് നടന്നതായി പരാതി. കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തില്‍ ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു.
സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ജയരാജിന്റെ ആരോപണം. വോട്ട് ചെയ്ത ആളിന്റെ ക്രമനമ്പരും പേരും തെറ്റാണെന്ന് കണ്ടിട്ടും ഇയാളെ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ എൻഡിഎയുടെ പോളിംഗ് ഏജന്റിനെ പ്രിസൈഡിംഗ് ഓഫീസർ പുറത്താക്കിയതായും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ജയരാജ് പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്ഥാനാര്‍ഥിയെ അനുനയിപ്പിക്കാന്‍ പോലീസും ശ്രമിക്കുന്നുണ്ട്. സംഭവമറിഞ്ഞ് നിരവധി എൻഡിഎ പ്രവർത്തകർ പോളിംഗ് ബൂത്തിൽ തടിച്ചു കൂടിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ബൂത്തിൽ പോളിംഗ് തടസ്സപ്പെട്ടു. ബൂത്തിൽ റീപോളിംഗ് ആവശ്യപ്പെടുമെന്നും എൻഡിഎ അറിയിച്ചു.












