ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജമ്മു കശ്മീര്‍ പോലീസ്. ഏറ്റുമുട്ടലുകള്‍ ലൈവ് സംപ്രേക്ഷണം ചെയ്യുന്നതിലാണ് മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാറാണ് ഇത് സംബന്ധിച്ച മര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ പോലീസിന്റെയും, സുരക്ഷാ സേനയുടെയും ചുമതലയില്‍ മാദ്ധ്യമങ്ങള്‍ ഇടപെടരുത്. ഏറ്റുമുട്ടല്‍ മേഖലകളുടെ അടുത്തേക്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ വരികയോ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ജനങ്ങളുടെ ജീവനേയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ മാദ്ധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്. അഭിപ്രായ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ആളുകളുടെ ജീവിക്കാനുള്ള അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കരുതെന്നും ജമ്മു കശ്മീര്‍ പോലീസ് നിര്‍ദ്ദേശിച്ചു.
Discussion about this post