ലഡാക്ക് : പതിനൊന്നാമത് ഇന്ത്യ-ചൈന കമാണ്ടര്‍തല ചര്‍ച്ച ഇന്ന് രാവിലെ പത്തരമണിക്ക് ചുഷുലിൽ വച്ച് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാംഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക. പാൻഗോഗ് തടാകത്തിന് സമീപത്തെ ആദ്യഘട്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടുത്ത ഘട്ട പിന്മാറ്റത്തിനുള്ള ചര്‍ച്ച.
ചൈന കടന്നുകയറ്റം നടത്തുന്നതിനു മുന്‍പ്, 2020 ഏപ്രിലില്‍ നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഗല്‍വാന്‍, പാംഗോങ്, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍നിന്നു ചൈനീസ് സേന പിന്മാറിയെങ്കിലും ഡെപ്‌സാങ് താഴ്‌വരയില്‍ സംഘര്‍ഷം തുടരുകയാണ്. ഇവിടെ നിന്നു ചൈന വേഗം പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും, ഇതിനു കാലതാമസമുണ്ടാകില്ലെന്നും ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.
ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിന് അതിര്‍ത്തിയിലെ സമാധാനം അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ദേപ്സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.
Discussion about this post