ഡൽഹി: രാജ്യത്തെ ദളിതർ ഭിക്ഷക്കാരാണെന്ന തൃണമൂൽ കോൺഗ്രസ് എം പി സുജാത മൊണ്ഡലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദളിത് സമുദായത്തിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ പരാമർശത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, ബിജെപി നേതാക്കളായ ദുഷ്യന്ത് ഗൗതം, ഹൻസ് രാജ് ഹൻസ്, സുനിത ദഗ്ഗൽ, ഭോലാ സിംഗ്, ഓം പഥക് തുടങ്ങിയവർ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ദളിത് വിരുദ്ധ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. തൃണമൂൽ നേതാക്കൾ ദളിതരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു. ഇത് ക്രിമിനൽ കുറ്റമാണെന്നും ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. തൃണമൂൽ നേതാക്കളുടെ പ്രസ്താവനകൾ ദളിത് സമുദായത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു.
ദളിത് ജനങ്ങള്‍ ജന്മനാ യാചകരാണെന്നായിരുന്നു തൃണമൂൽ നേതാവ് സുജാത മൊണ്ഡലിന്റെ പരാമർശം. ‘ഇവിടത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജന്മനാ ഭിക്ഷക്കാരാണ്. മമത ബാനര്‍ജി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ ബിജെപി വാഗ്ദാനം ചെയ്യുന്ന ചെറിയ തുക കിട്ടാന്‍ തങ്ങളുടെ വോട്ട് വില്‍ക്കുകയാണ്’- ഇതായിരുന്നു സുജാതയുടെ വാക്കുകൾ.








