റോം: ഹിന്ദു യുവാവിനെ കണ്ടാൽ പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്നും കൊന്നു കളയുമെന്നും മുസ്ലീം യുവതിക്ക് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇറ്റലി പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് യുവതി. ഇറ്റലിയിലെ അരേസോയിലാണ് സംഭവം.
പാക് യുവതി സുഹൃത്തായ ഇന്ത്യൻ യുവാവിനെ സന്ദർശിക്കുന്നത് കുടുംബം വിലക്കിയിരുന്നു. വിലക്കുകളെ അവഗണിച്ചും ഇവർ ബന്ധം തുടർന്നതോടെ പെൺകുട്ടിയെ ബന്ധുക്കൾ വീട്ടു തടങ്കലിലാക്കി. മൊബൈൽ ഫോണും പിടിച്ചെടുത്തു.
പഠനാവശ്യങ്ങൾക്കായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ പെൺകുട്ടിക്ക് അനുവാദം ഉണ്ടായിരുന്നു. ഈ കമ്പ്യൂട്ടറിൽ നിന്നും ഇ മെയിൽ മുഖാന്തിരം പെൺകുട്ടി ഇറ്റാലിയൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
ഇന്ത്യൻ യുവാവിനെ കാണുന്നത് തുടർന്നാൽ പാകിസ്ഥാനിലേക്ക് നാട് കടത്തുമെന്നും ഇരുവരെയും കൊന്നു കളയുമെന്നും കുടുംബം ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനെ അറിയിച്ചു. യുവാവ് ഹിന്ദു ആയതാണ് വീട്ടുകാർക്ക് പ്രശ്നമെന്നും കുട്ടി മൊഴി നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഇറ്റാലിയൻ പൊലീസ് വീട്ടുതടങ്കലിൽ ആയിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇറ്റാലിയൻ പൊലീസ് വ്യക്തമാക്കി.












